Thursday, February 06, 2020

ഒരു ജാലകം കൂടി തുറക്കുന്നു.....


           കൊല്ലം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്താഫീസുകളും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസും തമ്മിലുള്ള നിരന്തര വിനിമയങ്ങളെ കൂടുതൽ സുതാര്യമാക്കി ഇന്നുമുതൽ ഒരു ബ്ലോഗ് ആരംഭിക്കുകയാണ്.
 
                ആശയവിനിമയങ്ങളുടെ ചടുലത കാര്യക്ഷമമായ ഓഫീസ് പ്രവർത്തനങ്ങളെയും, പങ്കുവയ്ക്കലുകളുടെ പരിഷ്കൃത പാരസ്പര്യങ്ങളെയും ശക്തിപ്പെടുത്തുമെന്നതിൽ ഒട്ടും സംശയമില്ല.

             ഇ-മെയിലുകളായും, ഫോൺ മെസേജുകളായും ഈ കാര്യാലയത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങളും അറിയിപ്പുകളും ഇനി മുതൽ ലഭിക്കുക www.ddpkollamnews.blogspot.com എന്ന ബ്ലോഗിലൂടെയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തലുകളും മറുപടികളും ഇനി മുതൽ ഈ ജാലകത്തിലൂടെയാകുമല്ലോ.

          ഈ ബ്ലോഗ് എല്ലാ ഗ്രാമപഞ്ചായത്താഫീസിലേയും മുഴുവന്‍ കമ്പ്യൂട്ടറുകളിലും ഹോംപേജായി ക്രമീകരിക്കണം. ഇതിലൂടെ എല്ലാ ദിവസവും ഡി.ഡി.പി  ഓഫീസില്‍ നിന്നുള്ള അറിയിപ്പുകള്‍ തത്സമയം തന്നെ അറിയാന്‍ കഴിയും. കൂടാതെ പഞ്ചായത്തുകൾക്ക് ദൈനംദിനം ഉപയോഗിക്കേണ്ടിവരുന്ന മിക്കവാറും എല്ലാ വെബ് സൈറ്റുകളിലേക്കും നേരിട്ട് പ്രവേശിക്കാനും ഇതില്‍ കൊടുത്തിട്ടുള്ള ലിങ്കിലൂടെ കഴിയും. വിവിധ ഐ.കെ.എം സോഫ്റ്റ് വെയറുകൾ അടക്കമുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ മുതൽ വർത്തമാനപ്പത്രങ്ങൾ വരെ ഇവിടെ നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകും. 

          കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് പുറത്തിറക്കിയ ജാലകം -2019 ന് വലിയ സ്വീകാര്യതയാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്. പ്രസ്തുത കൈപ്പുസ്തകം വളരെയേറെ പ്രയോജനപ്പെടുന്നുവെന്നത് തന്നെയാണ് നിങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആ ജാലകത്തെ കുറച്ചുകൂടി വിപുലമാക്കിക്കൊണ്ട് വിവരസാങ്കേതികവിദ്യയുടെ അനന്ത സാധ്യതകള്‍ പൊതുജനസേവനത്തിനായി സമര്‍പ്പിക്കാനാണ് ഈ ബ്ലോഗിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിവരങ്ങൾ തൽസമയം ലഭ്യമാക്കുക എന്നത് മാത്രമല്ല, ഭാവിയില്‍ ഉപയോഗപ്രദമായ രീതിയില്‍ സമാഹരിക്കുക എന്ന ഒരു ലക്ഷ്യം കൂടി  ഈ പുതിയ ജാലകം തുറക്കുന്നതിന് പ്രധാന പ്രേരണയായിട്ടുണ്ട്. ഗൂഗിൾ സ്പ്രെഡ്ഷീറ്റ് മുഖേന നിങ്ങൾ സമർപ്പിക്കുന്ന വിവരങ്ങൾ എത്രകാലം കഴിഞ്ഞാലും നിങ്ങൾക്കിവിടെ കാണാൻ കഴിയും.

               ജില്ലയിലെ പഞ്ചായത്തുകള്‍ നടപ്പാക്കുന്ന മാതൃകാ പരമായ പ്രോജക്ടുകളുടെ ചിത്രങ്ങള്‍ അടക്കം പ്രസിദ്ധീകരിക്കാനായി ഗാലറി എന്ന ഒരു പ്രത്യേക പേജ് സജ്ജീകരിച്ചിട്ടുണ്ട്. 

             കൂടാതെ പൊതുജനങ്ങള്‍ക്ക് ജില്ലയിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പരാതികള്‍ അറിയിക്കുന്നതിനുമായി PUBLIC GRIEVANCE  എന്ന പേരില്‍ ഒരു പേജ് പ്രത്യേകമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

          മാറ്റങ്ങളെയും ആവാസ സാഹചര്യങ്ങളെയും വേഗത്തിൽ ഉൾക്കൊള്ളുന്ന, ഭാരിച്ച ഉത്തരവാദിത്തങ്ങളെ വിസ്മയകരമായി നിറവേറ്റുന്ന ഗ്രാമപഞ്ചായത്തുകളിലേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസിലെയും ജീവനക്കാർക്ക് ഈ ജാലകം ഏറെ സഹായകമാകും എന്ന പ്രത്യാശയോടെ,

                                                                                                        
                                                                                                  ബിനുൻ വാഹിദ്
കൊല്ലം                                                                        പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ,
06-02-2020                                                                                         കൊല്ലം  

4 comments:

  1. കൊല്ലം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും പുതിയ ദിശാബോധം നല്‍കാന്‍ ഈ സംരംഭത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  2. പുതിയ തുടക്കം...ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക് ആശംസകൾ

    ReplyDelete
  3. ആശംസകൾ

    ReplyDelete
  4. കൂടുതൽ പ്രകാശവും ഇളം കാറ്റും ഈ ജാലകങ്ങൾ സമ്മാനിക്കട്ടെ!!

    ReplyDelete