Tuesday, March 10, 2020

കൊല്ലം ജില്ല - നിരോധിത പ്ലാസ്റ്റിക് പരിശോധന



പരിസ്ഥിതിയുടെ പുതുചൈതന്യം ആര്‍ജ്ജിക്കല്‍
സംയുക്ത നടപടിയുമായി കൊല്ലം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍.

  • ഓപ്പറേഷന്‍ (CARE – Combined Action to Rejuvenate Environment)  എന്ന
      പേരിലാണ്  പരിശോധന നടത്തിയത്.
  • കൊല്ലം ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകളിലും സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ടീമുകള്‍ രൂപീകരിച്ച്  ഒരേ  സമയം പരിശോധന നടത്തി.     
  • പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസി:ഡയറക്ടര്‍, ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍/ പെര്‍ഫോമന്‍സ്  ഓഡിറ്റ് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
  • 3637 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
  • രാവിലെ  9.00 മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ പരിശോധന തുടര്‍ന്നു.
  • 5.2 ടണ്‍   നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.
  • 64 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.  441 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
  •  455000/- രൂപ പിഴ ചുമത്തപ്പെട്ടു.
  • പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരും.
  • തുടര്‍ പരിശോധനകളില്‍  നിയമവിരുദ്ധ പ്ലാസ്റ്റിക് ഉപയോഗം തുടര്‍ന്നാല്‍  ഉയര്‍ന്ന പിഴയും കര്‍ശന നടപടികളും .


      ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ 10.03.2020 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതലാണ് പരിശോധന ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍  വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്  സമഗ്രമായ പരിശോധന ആസൂത്രണം ചെയ്തത്.  219 ടീമുകൾ പരിശോധനയ്ക്കായി സജ്ജമാക്കപ്പെട്ടിരുന്നു. 

     നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിവരം സര്‍ക്കാർ ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും നിരോധിക്കപ്പെട്ട ഇനം പ്ലാസ്റ്റിക് ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഇപ്രകാരം കണ്ടെത്തിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ പരിശോധനയുടെ ഭാഗമായി കണ്ടുകെട്ടുകയും  കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.  5.2 ടണ്‍ നിരോധിത പ്ലാസ്റ്റിക് ആണ് വിവിധ ഗ്രാമപഞ്ചായത്തുകള്‍ ഒറ്റ ദിവസത്തെ പരിശോധനയിലൂടെ പിടിച്ചെടുത്തത്.

         പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.   തുണി കൊണ്ടോ പേപ്പര്‍ കൊണ്ടോ നിര്‍മ്മിച്ചിട്ടുളള ക്യാരിബാഗുകള്‍ മാത്രമേ പകരം ഉപയോഗിക്കാന്‍ കഴിയുകയുളളൂ.  ഇത്തരത്തിലുളള തുണി, പേപ്പര്‍ ക്യാരിബാഗുകളില്‍ യാതൊരുതരത്തിലുളള പ്ലാസ്റ്റിക് കോട്ടിംഗുകളും പാടില്ലാത്തതാണ്. എന്നാല്‍ കമ്പോസ്റ്റബിള്‍/ബയോഡിഗ്രേഡബിള്‍/100% പ്ലാസ്റ്റിക് ഫ്രീ എന്ന് ലേബല്‍ ചെയ്ത് QR Code ഉം രേഖപ്പെടുത്തിയ ക്യാരിബാഗുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി.  ഇതും  നിയമവിരുദ്ധമാണ്. ഇത്തരത്തിലുളള കമ്പോസറ്റബിള്‍ ക്യാരിബാഗുകളും ഉപയോഗിക്കാന്‍ പാടില്ലാത്തതാണെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.   നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വാങ്ങിയിട്ടുളള നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പല കടകളിലും കെട്ടി സൂക്ഷിച്ചിട്ടുളളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.  ഇവ നിലവിൽ  ഉപയോഗിക്കുന്നില്ലെങ്കിലും ആയത് ഹരിതകര്‍മ്മ സേനയ്ക്ക് സ്ഥാപനങ്ങള്‍ കൈമാറിയിട്ടില്ല.  ഇത്തരം സ്ഥാപനങ്ങളുടെ പേരുകള്‍ ലിസ്റ്റ് ചെയ്യുകയും അടിയന്തിരമായി അവ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 

     നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായി അവസാനിക്കുന്നത് വരെ പരിശോധന തുടരുമെന്നും, ആദ്യപരിശോധനയ്ക്ക് ശേഷം ഏതെങ്കിലും സ്ഥാപനം നിരോധിത പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍  ഉയര്‍ന്ന പിഴ ഈടാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.  എല്ലാ വ്യാപാരസ്ഥാപനങ്ങളും  പരിസ്ഥിതിയുടെ പുതുചൈതന്യം വീണ്ടെടുക്കുന്നതിനുളള  സംയുക്ത നടപടിയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ അതാത് പ്രദേശങ്ങളില്‍  പരിശോധനയ്ക്ക്  നേതൃത്വം നല്‍കി. കൊല്ലം  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍, ജില്ലാ ഓഫീസിലെ സീനിയര്‍/ജൂനിയര്‍ സൂപ്രണ്ടുമാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാർ,  ജീവനക്കാര്‍ തുടങ്ങിയവര്‍   ജില്ലാതലത്തില്‍ നടത്തിയ പരിശോധനയില്‍ പങ്കെടുത്തു.

3 comments: